Friday, 2 November 2012

മൂക്കിലെ ദശ അഥവാ ജയന്റെ സിനിമ

        മൂക്കിലെ ദശ  അഥവാ  ജയന്റെ സിനിമ   ........... പറയുമ്പോള്‍ ഒരു ബന്ധവുമില്ലെന്ന് തോന്നുമെങ്കിലും ഒരു കാലത്ത് ജയേട്ടന്റെ ജീവിതവുമായി അഭേദ്യ ബന്ധമായിരുന്നു ഈ രണ്ടു സംഭവങ്ങള്‍ക്കും .അതിനെ കുറിച്ച് പറയും മുന്പ് അല്പം ഫ്ലാഷ് ബാക്ക്.
         കായംകുളം യൂണിവേഴ്സിറ്റിയിലെ (B  E  M   U  P  സ്കൂള്‍ ) പ്രാഥമിക പഠനത്തിനു ശേഷം ഹയര്‍ സ്റ്റഡീസിനായി  ജയേട്ടന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈ സ്കൂളില്‍ ചേര്‍ന്നു .അതൊരുപാടു സ്വാതന്ത്ര്യം നേടിക്കൊടുത്ത ഒരു സംഭവായിരുന്നു. ജേന്നാഥേട്ടന്റെ  ശല്യമില്ല. ബസ്സ്‌ കാശ് കിട്ടും. സ്കൂള്‍ ടൌണില്‍ പോകുന്ന വഴിയാണ് . അങ്ങനെ പോകുന്നു സൌകര്യങ്ങള്‍.പിന്നെ  ക്രിസ്ത്യന്‍ കോളേജ് ഹൈ സ്കൂള്‍  അക്കാലത്ത്  സമരങ്ങള്‍ക്ക് പേര് കേട്ടതായിരുന്നു.
         "അല്ല മോനെ ഇന്ന് സമരമോന്നുമില്ലേ. ഉച്ചയ്ക്ക് സി എസ്  ഐയില്‍ എനിക്കൊരു കല്യാണണ്ടായിരുന്നു. അയിനു മുന്‍പ് ഒന്ന് സ്കൂള്‍ വിടീച് തര്വോ." എന്ന മട്ടിലുള്ള മാഷന്മാരും. 
           പക്ഷെ നിത്യാനന്ദന്‍  മാഷ്‌ പാവായിരുന്നു. കണക്കാണ് വിഷയം. ആ വിഷയത്തില്‍ ജയേട്ടന്‍ കണക്കായത് കൊണ്ട് ഉണ്ടാകുന്ന ചില്ലറ അസ്വാരസ്യങ്ങള്‍ മാത്രം. ഭൌമിക്കായിരുന്നു അക്കാലത്തെ ജയേട്ടന്റെ അടുത്ത സുഹൃത്ത് . രണ്ടാളെയും ഒന്നിപ്പിച്ചത് ജയന്റെ സിനിമകളായിരുന്നു. അങ്ങാടി, തടവറ, മൂര്‍ഖന്‍, ശക്തി, ശരപഞ്ജരം , കരിമ്പന, അങ്ങനെ പോകുന്നു ഹിറ്റ്‌ ചിത്രങ്ങള്‍. പക്ഷെ കാണാന്‍ പൈസ അത്യാവശ്യം ഒപ്പിക്കാമെന്നു വച്ചാലും സമയം വേണ്ടേ. സന്ധ്യയാകുംബോഴെയ്ക്കും വീട്ടില്‍ ഹാജര്‍ കൊടുക്കണം. അപ്പോള്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്യുക തന്നെ. 
           ജയേട്ടന്റെ മൂക്കില്‍ അക്കാലത്ത് ദശയുണ്ടായിരുന്നു.അതില്‍ പിടിച്ചമര്‍ത്തിയാല്‍ ചോര വരും. നിത്യാനന്ദന്‍  മാഷ്‌  ക്ലാസ്സില്‍ എത്തിയാല്‍ മൂക്കിന്റെ ദശയുള്ള ഭാഗത്ത് പിടിച്ച് ഒറ്റ അമര്ത്തലാണ്. ചോര വന്നു തുടങ്ങുമ്പോള്‍ ഭൌമിക് ഒച്ച വയ്ക്കും.
          "ജയന്റെ മൂക്കില്‍ ചോര."
            ഇത് കാണുമ്പോഴേ നിത്യാനന്ദന്‍ മാഷ്ക്ക് പരിഭ്രമാമാകും.
            "വേഗം ഓട്ടോ പിടിച്ച് വീട്ടീ പൊയ്ക്കോ. ദാ  പൈസ." എന്ന് പറഞ്ഞു രണ്ടു രൂപ കൊടുക്കും. പാവത്തിനന്നു പത്തുമുന്നൂറു  രൂപയെ  ശമ്പളമുണ്ടാകൂ എന്നോര്‍ക്കണം. 
            " ഓനെ ഒറ്റയ്ക്ക് വിടണ്ട. ബൌമിക്കെ ഈയും പൊയ്ക്കോ ഓന്റെ കൂടെ." 
             അങ്ങനെ ഭൌമിക്കും ക്ലാസ്സില്‍ നിന്നും രക്ഷപ്പെടും. പിന്നെ രാധയില്‍ പോയി സിനിമയും കാണാം ബാക്കി പൈസയ്ക്ക് നിറയെ തിന്നുകേം  ചെയ്യാം.



STATUTORY   WARNING : ഇതാരും അനുകരിക്കരുത്. ഇന്ന് സ്കൂളില്‍ നിന്ന് മുങ്ങുന്നവരെ കുറിച്ച് സ്കൂളില്‍ നിന്ന് തന്നെ വീട്ടുകാര്‍ക്ക്  വിവരം കിട്ടും.