Monday 30 July 2012

വിശ്വസിച്ചാലും ഇല്ലെങ്കിലും

           ജയേട്ടന് ഒരു പത്ത്  വയസ്സുള്ളപ്പോള്‍ പ്രേതത്തെ  നേരിട്ട് കണ്ടിട്ടുണ്ടിട്ട്ണ്ടും പോലും. അക്കഥ ഇങ്ങനെ .
           പഴേ പടിഞ്ഞിറ്റി  മാളിക്യാണ് ജയേട്ടന്റെ തറവാട്. അയിന്റെ വടക്ക് ഭാഗത്ത്‌ ഒരു റോഡുണ്ട്. ഇന്നതിലെ കഷ്ടിച്ച് ഒരോട്ടോയ്ക്കും ഒരു ബൈക്കിനും കൂടി ഒന്നിച്ചു പോകാം. അപ്പൊ പത്തുമുപ്പതഞ്ചു  കൊല്ലം മുന്‍പത്തെ കാര്യം ങ്ങളന്നെ ഊഹിച്ചോളീ. ആ റോഡിന്റേം വടക്കാണ്‌ തെക്കെക്കളം  തറവാട്. അതൊരു കൂട്ട് കുടുംബായിനി. ഇപ്പൊ ആ സ്ഥലോക്കെ ഓര് വിറ്റു. അന്നവിടെ കുട്യോളും മക്കളും ഒക്ക്യായിട്ട്  മൂന്നാല് ഫുട്ബോള്‍ ടീമിന്ള്ള ആള്ണ്ട്. ജയേട്ടന്റെ വീട്ടിലാണെങ്കി അച്ഛനും അമ്മേം ജയെട്ടനും രണ്ടനിയന്മാരും ഒരനീത്തീം മാത്രം. ജയേട്ടന്‍ രാത്രി വീടിന്റെ മോള്‍ലത്തെ നെലേലാ  ഒറങ്ങാ. ബാക്കീള്ളോര്   താഴത്തെ നെലേലും. വീട്ന്റെ വടക്കേപ്രത്തുള്ള ഒര് പറങ്കിമാവാണ് ജയേട്ടന്റെ സാമ്പത്തിക സ്രോതസ്സ്.
ജയേട്ടന്റെ തറവാട്
പക്ഷേ ഒര് പ്രശ്നണ്ട് . രാവിലെ ഹെല്‍ത്ത് സെന്‍ററീന്ന്  മീനെണ്ണ  ഗുളികേം പാലും വാങ്ങാന്‍ പോകുന്ന ചെക്കന്മാര്  അയിലെ അണ്ടി  മുഴുമന്‍ അടിച്ചു മാറ്റും. പിന്നെ സൈക്കിള് ചവ്ട്ടാനും പടകം വാങ്ങാനുമോന്നും പൈസേണ്ടാവില്ല. അപ്പൊ ചെക്കന്മാര് വരണേന്റെ  മുന്‍പേ എഴുന്നേല്‍ക്കണമെന്ന  ചിന്തേലാണ്  ഒറങ്ങാന്‍  കെടക്കുന്നത് . നേരം വെളുത്തോന്ന്  എടയ്ക്കെടയ്ക്ക്  എഴുന്നേറ്റ് നോക്കും.
            ഒരീസം  ജയേട്ടന്‍ ഞെട്ടിയൊണര്‍ന്ന്  വടക്കെ ജനലിലൂടെ പറങ്കിമാവിന്‍റെ  ഭാഗത്തേയ്ക്ക് നോക്കുമ്പോ തേക്കെക്കളത്തിലൊരു  വെളിച്ചം. നോക്കുമ്പോ നഗ്നമായ ഒരു രൂപം അവിടെ നിന്ന് ഡാന്‍സ്   കളിക്യാ. വെളുത്ത  മുടി അഴിച്ചിട്ടുണ്ട് .എവിടെന്നോ വരുന്ന വെളിച്ചത്തില്‍ ആ രൂപത്തിന്റെ നിഴല്‍ തേക്കെക്കളത്തിന്റെ ചുമരില്‍ നാലിരട്ടി വലിപ്പത്തില്‍ കാണാം. ഡാന്‍സെന്നു പറഞ്ഞാല്‍  തോം തോം തോം ഒന്നുമല്ല.ഓരോ കൈകള്‍ മെല്ലെ ഉയര്തുന്നതോടോപ്പം മറ്റേ കൈ താഴ്ത്തും. പക്ഷെ അതിനൊരു താളമുണ്ടായിരുന്നു. പേടിച്ചു വിറച്ച ജയേട്ടന്‍ ആ ജനലിനടിയില്‍ തന്നെ ബോധം കേട്ട് വീണു. രാവിലെ മോളില്‍ വന്ന അമ്മ കണ്ടത് പനിച്ചു വിറച്ചു കെടക്കുന്ന ജയേട്ടനെയാണ്. പിന്നെ പാട്ടിത്തള്ള  വന്നു. അവരുപ്പൂതി തലേലോക്കെ തുപ്പി വച്ചു. പ്രേതത്തെ കണ്ട കാര്യം പറഞ്ഞപ്പോ അവരുറപ്പിച്ചു പറഞ്ഞു "അത് ബ്രമ്മരക്ഷസ്സന്നെ ". അമ്മേം അത് വിശ്വസിച്ചു. ബ്രമ്മരക്ഷസ്സിനെ പ്രീതിപ്പെടുത്താന്‍ പൂജ ചെയ്യണമെന്നു പറഞ്ഞു അമ്മ അച്ഛന്റെ സൊയിരം കെടുത്താന്‍   തൊടങ്ങി.
              ഉച്ചയ്ക്ക് പണിയൊക്കെ കഴിഞ്ഞാല്‍ തെക്കെക്കളത്തിലെ പെണ്ണുങ്ങള്‍ റോഡരികിലെ വേലിക്കല്‍ വന്നു നില്‍ക്കും. അമ്മയും മറ്റേ വേലിക്കല്‍ സ്ഥാനം പിടിക്കും. നാട്ടു വര്‍ത്താനം പറയാന്‍. അന്ന്  ടീവീം  മൊബൈലും ഒന്നൂല്യല്ലോ സമയം പോക്കാന്‍. കൊറച്ചീസം  ജയേട്ടന്റെ പനി  കാരണം അമ്മ വേലിക്കലേയ്ക്ക് പോയില്ല. പിന്നെ പോയപ്പോ ചിന്നമ്മമ്മേടെ മക്കള്‍  സൊര്‍ണേടത്തീം  തങ്കേടത്തീമൊക്കെ  ഒരേ സ്വരത്തീ ചോയിച്ചു.
            "ങ്ങളെ രണ്ടീസായി കണ്ടില്ല്യല്ലോ"
            " ജേയന്  പനിയായിനി. ങ്ങളെ തൊടീല്‍ ഓന്‍ ബ്രമ്മരക്ഷസ്സിനെ കണ്ടു പേടിച്ചോലെ ."
             കാര്യം അറിഞ്ഞപ്പോ സൊര്‍ണേടത്തീം  തങ്കേടത്തീം  ചിരിയോടു ചിരി.
              "അതമ്മയാ മീനാക്ഷിയേടത്ത്യെ . അമ്മ ഞങ്ങളോണരുന്നേനു മുന്നെ എണീക്കും.എന്നിട്ട് കുളിക്കും.ആ നേരത്ത് ആരും കാണാനില്യാത്തോണ്ട് നൂല്‍ ബന്ധണ്ടാവില്യ .  കത്തിച്ചു വച്ച കോഴിമുട്ട വെളക്കിന്റെ വെളിച്ച്ചാ ജെയന്‍ കണ്ടെ ."
               "അപ്പൊ ഡാന്‍സോ?" അമ്മയ്ക്ക് ആകാംഷ അടക്കാനായില്ല.
              " അതോ ? പൊറം  തേയ്ച്ചു കൊടുക്കാന്‍ ആരൂല്യാത്തോണ്ട്  അമ്മ ഒരു കയര്‍ എടുത്ത്  പുറത്തിട്ടു വലിച്ച്ചതാ"
              ചിന്നമ്മമ്മേടെ  മറ്റു ചില കഥകള്‍  വരും പോസ്റ്റുകളില്‍ .......

No comments:

Post a Comment